Wednesday, October 1, 2008

ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സാംസ്കാരിക സംഘടനയുടെ , ഞങ്ങളുടെ യൂണിറ്റിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ചിരുന്നത്‌ ഞാന്‍ ആയിരുന്നു.......ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ സംഘടിപ്പിക്കുന്നു....ഗ്രാമത്തില്‍ നിന്നുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌ ..എന്റെ യുണിറ്റില്‍ നിന്നും കുറച്ചു പേരെ വേണം... മുകളില്‍ നിന്നും ഉത്തരവുവന്നു....

തലേ ദിവസം ഞാന്‍ ഓടിനടന്നു...ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലാ !. യുവരക്തങ്ങളും വനിതാരത്നങളും കൈ ഒഴിഞ്ഞൂ.. കിട്ടുന്ന അവധി ദിവസം അവര്‍ക്ക്‌ ഇങ്ങനെ കളയാന്‍ താല്‍പര്യം ഇല്ലായെന്നു എന്റെ മുഖത്തു നോക്കി പറഞ്ഞു.....

അവസാനം ഞാനും സെക്രട്ടറിയും പോകാന്‍ തന്നെ തീരുമാനിച്ചു...യൂണിറ്റിനു നാണക്കേടു ഉണ്ടാകരുതല്ലോ....!!!

അങ്ങനെ ഒക്ടോബര്‍ 2 ..
രാവിലെ തന്നെ ഒരു യുവരക്തം എന്റെ വീട്ടില്‍ വന്നു....
"എടേയ്‌.. ഒരു 200 ഇപ്പോള്‍ എടുക്കണം.. ജാഥയില്‍ ഞങ്ങള്‍ എത്തും,.... നീ ഈ 200 മറ്റേ കണക്കില്‍ കാണിച്ചാല്‍ മതി..."
എന്തു പണ്ടാരം എങ്കിലുമാകട്ടെ.. 200 എങ്കില്‍ 200 ജാഥയ്ക്കു വരുമല്ലോ.... ഞാന്‍ അതു കൊടുക്കുകയും ചെയ്തു
ജാഥ തുടങ്ങാന്‍ സമയം ആയി... ഒരോ യൂണിറ്റില്‍ നിന്നും ചുരുങ്ങിയത്‌ 4 പേര്‍ എങ്കിലും വന്നിട്ടുണ്ട്‌..എന്റെ സാമ്രാജ്യത്തില്‍ നിന്നും 2 പേര്‍ മാത്രം...ജാഥാധ്യക്ഷന്‍ വന്നു യുണിറ്റ്‌ അംഗങ്ങളുടെ കണക്ക്‌ എടുത്തു . എന്നിട്ടു ഒരു പുഛഭാവം എന്നൊടു പുറപ്പെടുവിപ്പിച്ചു...ഞാന്‍ ഒന്നു ചൂളിപ്പോയി

അവന്മാര്‍ പറ്റിക്കുകയാണോ ? രാവിലെ തന്നെ എന്റെ കയ്യില്‍ നിന്നും കാശും വാങ്ങിപോയവനേയും.. മറ്റുള്ളവരെയും കാണുന്നുമില്ലാ... വരുന്നത്‌ വരട്ടെ എന്നു കരുതി ഞങ്ങള്‍ 2 പേരും ജാഥയുടെ മുന്നില്‍ തന്നെ നിലയുറപ്പിച്ചു...
ഉത്ഘാടനത്തിനു ശേഷം ജാഥ ആരംഭിച്ചു..
ഞാന്‍ തിരിഞ്ഞു നോക്കി .. എന്റെ അവസാന പ്രതീക്ഷ...
ഇല്ലാ...ആരും ഇല്ലാ.. ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുന്നു....
എന്തായാലും... ജാഥയില്‍ മുന്നോട്ടു പോകുകതന്നെ..മുദ്രാവാക്യങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട്‌ . യാത്ര തുടര്‍ന്നു...
അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ .. ജാഥയുടെ പുറകില്‍ നിന്നും മുദ്രാവാക്യത്തിന്റെ ശക്തികൂടി...
അടുത്തു നിന്ന ഒരുവന്‍ എന്നോടായി പറഞ്ഞൂ
"ഒന്നു തിരിഞ്ഞു നോക്കിയേടാ.. നിന്റെ യൂണിറ്റിലെ പയ്യന്മാര്‍ അല്ലേ അത്‌ ... "

ഞാന്‍ തിരിഞ്ഞു നോക്കി ... അതാ .. എന്റെ യുവരക്തങ്ങള്‍ ... എന്റെ അണികള്‍....പുറകില്‍ നിന്നും.... ജാഥ നയിക്കുന്നു .. അവരുടെ ശബ്ദം ജാഥ ഊര്‍ജ്ജ്വസ്വലം ആക്കിയിരിക്കുന്നു...
രാവിലെ കാശു വാങ്ങിയ യുവരക്തം ... ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു... എട്ടുപേര്‍... അതെ .. എന്റെ എട്ടു യുവരക്തങ്ങള്‍..... ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്‌ മുന്നോട്ടു നടന്നൂ...ഞാന്‍ ഒന്ന് കണക്കുകൂട്ടി നോക്കി .എന്റെ യൂണിറ്റില്‍ നിന്നും ഞാനും സെക്രട്ടറിയും അടക്കം പത്തുപേര്‍ ... ഒരു നേതാവ്‌ എന്ന നിലയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു... ഞാന്‍ ഒന്നു വിരിഞ്ഞു നടന്നു....
ജാഥാധ്യക്ഷനെ ഒന്നു കണ്ണില്‍ കിട്ടിയപ്പോല്‍ . "ദാ നോക്ക്‌ എന്റെ അണികള്‍ " എന്ന് കണ്ണാല്‍ അറിയിച്ചു..
പക്ഷേ.. അവന്മാരുടെ മുദ്രാവാക്യം വിളിയില്‍ എന്തോ ഒരു പന്തികേടു തോന്നി എനിക്ക്‌...
സ്വീകരണ കേന്ദ്രങ്ങള്‍ കടന്ന് ജാഥ മുന്നോട്ട്‌ പോയി കൊണ്ടിരുന്നു....
ഉച്ചഭക്ഷണ സമയതാണു എനിക്കു അവരെ അടുത്തു കിട്ടിയത്തു..
ഞാന്‍ നോക്കുമ്പോള്‍ അവരില്‍ പലരുടേയും മുഖത്തിന്റെ രൂപം മാറിയിരിക്കുന്നു...അതു കൂടാതെ സംസാരിക്കുമ്പോല്‍ ഒരു വൃത്തികെട്ട മണവും....
അപ്പോളാണെനിക്കു കാര്യം പിടികിട്ടിയത്‌..ഞാന്‍ അറിയാതെ തലയില്‍ കൈവച്ചു പോയി....
"എടാ _ _മക്കളേ..... ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന മദ്യ-ലഹരി വിരുദ്ധ ജാഥയില്‍ ആണോടാ ..ഹാന്‍സുവെച്ചും വെള്ളം അടിച്ചു, പാന്‍പരാഗ്‌ തിന്നും പങ്കെടുത്തത്‌... .... അപ്പോല്‍ രാവിലെ വാങ്ങിയ 200 എന്റെ ഷെയര്‍ ആയിരുന്നു അല്ലേടാ....!!!!!"
ഉച്ചഭക്ഷണത്തിനു ശേഷം ജാഥ പോയത്‌ മൗനജാഥ ആയിട്ടായിരിക്കും,,,,
അതിനെ പറ്റി ഞാന്‍ പിന്നെ അനേഷിക്കാനും പോയില്ല.. യുവരക്തങ്ങളുടെ കൂടെ ഞാനും അവിടെ നിന്നും മുങ്ങിയിരുന്നു....