Wednesday, October 1, 2008

ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സാംസ്കാരിക സംഘടനയുടെ , ഞങ്ങളുടെ യൂണിറ്റിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ചിരുന്നത്‌ ഞാന്‍ ആയിരുന്നു.......ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ സംഘടിപ്പിക്കുന്നു....ഗ്രാമത്തില്‍ നിന്നുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌ ..എന്റെ യുണിറ്റില്‍ നിന്നും കുറച്ചു പേരെ വേണം... മുകളില്‍ നിന്നും ഉത്തരവുവന്നു....

തലേ ദിവസം ഞാന്‍ ഓടിനടന്നു...ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലാ !. യുവരക്തങ്ങളും വനിതാരത്നങളും കൈ ഒഴിഞ്ഞൂ.. കിട്ടുന്ന അവധി ദിവസം അവര്‍ക്ക്‌ ഇങ്ങനെ കളയാന്‍ താല്‍പര്യം ഇല്ലായെന്നു എന്റെ മുഖത്തു നോക്കി പറഞ്ഞു.....

അവസാനം ഞാനും സെക്രട്ടറിയും പോകാന്‍ തന്നെ തീരുമാനിച്ചു...യൂണിറ്റിനു നാണക്കേടു ഉണ്ടാകരുതല്ലോ....!!!

അങ്ങനെ ഒക്ടോബര്‍ 2 ..
രാവിലെ തന്നെ ഒരു യുവരക്തം എന്റെ വീട്ടില്‍ വന്നു....
"എടേയ്‌.. ഒരു 200 ഇപ്പോള്‍ എടുക്കണം.. ജാഥയില്‍ ഞങ്ങള്‍ എത്തും,.... നീ ഈ 200 മറ്റേ കണക്കില്‍ കാണിച്ചാല്‍ മതി..."
എന്തു പണ്ടാരം എങ്കിലുമാകട്ടെ.. 200 എങ്കില്‍ 200 ജാഥയ്ക്കു വരുമല്ലോ.... ഞാന്‍ അതു കൊടുക്കുകയും ചെയ്തു
ജാഥ തുടങ്ങാന്‍ സമയം ആയി... ഒരോ യൂണിറ്റില്‍ നിന്നും ചുരുങ്ങിയത്‌ 4 പേര്‍ എങ്കിലും വന്നിട്ടുണ്ട്‌..എന്റെ സാമ്രാജ്യത്തില്‍ നിന്നും 2 പേര്‍ മാത്രം...ജാഥാധ്യക്ഷന്‍ വന്നു യുണിറ്റ്‌ അംഗങ്ങളുടെ കണക്ക്‌ എടുത്തു . എന്നിട്ടു ഒരു പുഛഭാവം എന്നൊടു പുറപ്പെടുവിപ്പിച്ചു...ഞാന്‍ ഒന്നു ചൂളിപ്പോയി

അവന്മാര്‍ പറ്റിക്കുകയാണോ ? രാവിലെ തന്നെ എന്റെ കയ്യില്‍ നിന്നും കാശും വാങ്ങിപോയവനേയും.. മറ്റുള്ളവരെയും കാണുന്നുമില്ലാ... വരുന്നത്‌ വരട്ടെ എന്നു കരുതി ഞങ്ങള്‍ 2 പേരും ജാഥയുടെ മുന്നില്‍ തന്നെ നിലയുറപ്പിച്ചു...
ഉത്ഘാടനത്തിനു ശേഷം ജാഥ ആരംഭിച്ചു..
ഞാന്‍ തിരിഞ്ഞു നോക്കി .. എന്റെ അവസാന പ്രതീക്ഷ...
ഇല്ലാ...ആരും ഇല്ലാ.. ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുന്നു....
എന്തായാലും... ജാഥയില്‍ മുന്നോട്ടു പോകുകതന്നെ..മുദ്രാവാക്യങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട്‌ . യാത്ര തുടര്‍ന്നു...
അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ .. ജാഥയുടെ പുറകില്‍ നിന്നും മുദ്രാവാക്യത്തിന്റെ ശക്തികൂടി...
അടുത്തു നിന്ന ഒരുവന്‍ എന്നോടായി പറഞ്ഞൂ
"ഒന്നു തിരിഞ്ഞു നോക്കിയേടാ.. നിന്റെ യൂണിറ്റിലെ പയ്യന്മാര്‍ അല്ലേ അത്‌ ... "

ഞാന്‍ തിരിഞ്ഞു നോക്കി ... അതാ .. എന്റെ യുവരക്തങ്ങള്‍ ... എന്റെ അണികള്‍....പുറകില്‍ നിന്നും.... ജാഥ നയിക്കുന്നു .. അവരുടെ ശബ്ദം ജാഥ ഊര്‍ജ്ജ്വസ്വലം ആക്കിയിരിക്കുന്നു...
രാവിലെ കാശു വാങ്ങിയ യുവരക്തം ... ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു... എട്ടുപേര്‍... അതെ .. എന്റെ എട്ടു യുവരക്തങ്ങള്‍..... ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്‌ മുന്നോട്ടു നടന്നൂ...ഞാന്‍ ഒന്ന് കണക്കുകൂട്ടി നോക്കി .എന്റെ യൂണിറ്റില്‍ നിന്നും ഞാനും സെക്രട്ടറിയും അടക്കം പത്തുപേര്‍ ... ഒരു നേതാവ്‌ എന്ന നിലയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു... ഞാന്‍ ഒന്നു വിരിഞ്ഞു നടന്നു....
ജാഥാധ്യക്ഷനെ ഒന്നു കണ്ണില്‍ കിട്ടിയപ്പോല്‍ . "ദാ നോക്ക്‌ എന്റെ അണികള്‍ " എന്ന് കണ്ണാല്‍ അറിയിച്ചു..
പക്ഷേ.. അവന്മാരുടെ മുദ്രാവാക്യം വിളിയില്‍ എന്തോ ഒരു പന്തികേടു തോന്നി എനിക്ക്‌...
സ്വീകരണ കേന്ദ്രങ്ങള്‍ കടന്ന് ജാഥ മുന്നോട്ട്‌ പോയി കൊണ്ടിരുന്നു....
ഉച്ചഭക്ഷണ സമയതാണു എനിക്കു അവരെ അടുത്തു കിട്ടിയത്തു..
ഞാന്‍ നോക്കുമ്പോള്‍ അവരില്‍ പലരുടേയും മുഖത്തിന്റെ രൂപം മാറിയിരിക്കുന്നു...അതു കൂടാതെ സംസാരിക്കുമ്പോല്‍ ഒരു വൃത്തികെട്ട മണവും....
അപ്പോളാണെനിക്കു കാര്യം പിടികിട്ടിയത്‌..ഞാന്‍ അറിയാതെ തലയില്‍ കൈവച്ചു പോയി....
"എടാ _ _മക്കളേ..... ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന മദ്യ-ലഹരി വിരുദ്ധ ജാഥയില്‍ ആണോടാ ..ഹാന്‍സുവെച്ചും വെള്ളം അടിച്ചു, പാന്‍പരാഗ്‌ തിന്നും പങ്കെടുത്തത്‌... .... അപ്പോല്‍ രാവിലെ വാങ്ങിയ 200 എന്റെ ഷെയര്‍ ആയിരുന്നു അല്ലേടാ....!!!!!"
ഉച്ചഭക്ഷണത്തിനു ശേഷം ജാഥ പോയത്‌ മൗനജാഥ ആയിട്ടായിരിക്കും,,,,
അതിനെ പറ്റി ഞാന്‍ പിന്നെ അനേഷിക്കാനും പോയില്ല.. യുവരക്തങ്ങളുടെ കൂടെ ഞാനും അവിടെ നിന്നും മുങ്ങിയിരുന്നു....

Saturday, May 24, 2008

മാനിയ...

കാലം കുറച്ചായി. എതാണ്ട്‌ പത്തു വര്‍ഷം.
മനസ്സില്‍ നിന്നും ഇന്നും അതു മാഞ്ഞു പോയിട്ടേ ഇല്ല.
എന്റെ ആ ഓര്‍മ്മയില്‍ നിങ്ങള്‍ക്കുകൂടി പങ്കു ചേരാമെന്നതിനാലാണ്‌ വീണ്ടും ഞാനത്‌ പറയുന്നത്‌.
എന്റെ അമ്മയെക്കുറിച്ചാണ്‌.
അമ്മയ്ക്ക്‌ എന്തു പറ്റിയെന്നൊ?അതെ.അതുതന്നെയായിരുന്നു എന്റെയും ചോദ്യം...എന്റെ അമ്മയ്ക്ക്‌ എന്താണു പറ്റിയത്‌?എത്ര ആലോചിച്ചിട്ടും അതിനു മറുപടി കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല.അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ല.ഒരു നിമിഷം വെറുതെയിരിക്കില്ല.ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ടില്‍ ജോലികള്‍ ചെയ്തു കൊണ്ടേയിരിക്കും.
വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവി എതെന്നു ചോദിച്ചാല്‍ നിസ്സംശയം എനിക്കുത്തരം പറയാന്‍ കഴിയുമായിരുന്നു,'എന്റെ അമ്മ'എന്ന്.'കുടത്തില്‍ നിന്നു തുറന്നു വിട്ട ഭൂതം'എന്ന് അച്ഛന്‍ അമ്മയെ കളിയാക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌.
അതിരാവിലെ ഉണരുന്ന ശീലമൊന്നും അമ്മയ്ക്കില്ല.പക്ഷേ,ഉണര്‍ന്നെണീറ്റു വന്നാല്‍പ്പിന്നെ പാതിരാത്രികഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കും വരെ അമ്മയെ അലസയായി കാണാറില്ല.അച്ഛന്‍ ആഫീസിലേയ്ക്കും ഞങ്ങള്‍ സ്കൂളിലേയ്ക്കും പൊയിക്കഴിഞ്ഞാല്‍ അമ്മയും സ്കൂളിലേയ്ക്കു പോകും.കുട്ടികള്‍ക്കും അമ്മയെ വളരെഇഷ്ടമാണ്‌.ക്ലാസ്സിലെ ഓരോ കുട്ടിയേയും പറ്റി അമ്മ ഞങ്ങളൊടു പറയും.മാത്രമല്ല,ഏതു കാര്യവുംഏറ്റവും രസകരമായ രീതിയിലാകും അമ്മ അവതരിപ്പിക്കുക.
പറയാന്‍ വിഷയം തേടി അമ്മയ്ക്ക്‌ എവിടേയും അലയേണ്ട.കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും എല്ലാം അമ്മയ്ക്‌ സംസാരവിഷയങ്ങള്‍തന്നെ.എപ്പോഴും വായ്‌ തോരാതെ സംസാരിക്കുക എന്നത്‌ അമ്മയുടെ സ്വഭാവമായിരുന്നു.
ഒരിക്കല്‍ അച്ഛന്‍ അമ്മയെ വെല്ലുവിളിച്ചു.'ഒരു ദിവസം നീ മിണ്ടാതിരുന്നാല്‍ ഞാന്‍ ഒരു പവന്‍ വാങ്ങിത്തരാം'.
ഒരു ദിവസം പോയിട്ട്‌ ഒരു മണിക്കൂര്‍ പോലും അമ്മയ്ക്‌ സാധിക്കാത്ത കാര്യമാണതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.അമ്മ ആ വെല്ലുവിളി ചിരിച്ചു തള്ളി.
'ഓ....മിണ്ടാതിരുന്നിട്ടു കിട്ടുന്ന പവനൊന്നും എനിക്കു വേണ്ട...'
അമ്മയുടെ ഈ ഭാവം ഞങ്ങളുടെ മനസ്സിനും എപ്പോഴും ലാഘവത്വം നല്‍കിയിരുന്നു.ഒരു ടെന്‍ഷനുമില്ലാതെ ഏതൊരു പ്രശ്നവും അഭിമുഖീകരിക്കാനുള്ള ഒരു പ്രത്യേക മാനസികാവസ്ഥ
പക്ഷേ ....
കുറേ ദിവസമായി അസാധാരണമായ ചില സ്വഭാവ വിശേഷങ്ങള്‍ അമ്മയില്‍ കാണാന്‍ തുടങ്ങി.ചിരിയില്ല... കളിയില്ല...മിണ്ടാട്ടമില്ല...രാത്രിയില്‍ ഉറക്കവുമില്ല.
എപ്പോഴും ആലോചന..എന്തു പറ്റിയെന്ന ചോദ്യത്തിന്‌ ഒന്നുമില്ലെന്ന മറുപടി മാത്രം...ചെയ്യുന്ന പ്രവൃത്തികളില്‍ ഒരുതരം യാന്ത്രീകത....ചിലപ്പോള്‍ തനിച്ചിരുന്ന് പിറുപിറുക്കും.. ഒരേ ബിന്ദുവില്‍ നോട്ടമുറപ്പിച്ച്‌ ഏറെ നേരമിരിക്കും...
ആരെന്തു ചോദിച്ചാലും ദേഷ്യം...
'നിനക്കെന്താണ്‌ വിഷമം എന്നു പറ. നമുക്കു ഒരു ഡോക്ടറെ കാണാം'
അച്ഛന്‍ പലവട്ടം നിര്‍ബ്ബന്ധിച്ചു.എനിക്കൊന്നുമില്ലെന്ന മറുപടിയേ അമ്മയില്‍ നിന്ന് എപ്പൊഴും ഉണ്ടായുള്ളു.കൂടെ ഒരു അഭ്യര്‍ഥനയും.

'ദയവു ചെയ്ത്‌ എനിക്കിത്തിരി സ്വൈര്യം താ...'
അമ്മയുടെ അസ്വസ്ഥത ഞങ്ങളെ എത്രമാത്രം വിഷമിപ്പിച്ചുവെന്ന്അറിയാമല്ലോ.
ഉല്ലാസപൂര്‍ണമായിരുന്ന ഞങ്ങളുടെ വീട്ടിലിപ്പോള്‍ നിറഞ്ഞ മ്ലാനതയാണ്‌.ഒക്കെ ശരിയാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കാത്തിരുന്നു.
പക്ഷേ, ഒന്നു രണ്ടു മാസങ്ങള്‍ കടന്നു പോയിട്ടും അമ്മയുടെ പെരുമാറ്റത്തിലെ അസാധാരണത്വം കൂടിയതേയുള്ളു.ഒരിക്കല്‍ പാല്‍ തിളച്ചു മറിഞ്ഞ്‌ സ്റ്റൗ കെടുന്നതും നോക്കി അമ്മ വെറുതെ നില്‍ക്കുന്നതു കണ്ട്‌ അച്ഛനാണ്‌ ഗ്യാസ്‌ സിലിണ്ടര്‍ ഓഫ്‌ ചെയ്തത്‌.ദോശ ചുടുമ്പോള്‍ ചട്ടുകവും കയ്യില്‍ പിടിച്ച്‌ അരികില്‍ നിന്നാലും ദോശ കരിഞ്ഞ മണം കേട്ട്‌ ആരെങ്കിലും ചെന്ന് അമ്മയെ തട്ടി വിളിക്കേണ്ടി വന്നിട്ടുണ്ട്‌.
ഈ പോക്ക്‌ ആപത്തിലേയ്ക്കാണെന്ന ചിന്ത ഞങ്ങളെ വല്ലാതെ അലട്ടി.
ഒടുവില്‍ അമ്മയുടെ എതിര്‍പ്പ്‌ ഒട്ടും വകവയ്ക്കാതെ അച്ഛനും ഞാനും കൂടി അമ്മയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തു കൊണ്ടുപോയി.അച്ഛന്‍ പറഞ്ഞ രോഗ വിവരങ്ങള്‍ സശ്രദ്ധം കേട്ട ഡോക്ടര്‍ അമ്മയോടു ചോദിച്ചു.
"എല്‍.പി.സ്കൂള്‍ ടീച്ചറാണ്‌,അല്ലെ?"
'അതെ' യെന്നു സമ്മതിക്കുമ്പോള്‍ അമ്മ മാത്രമല്ല, ഞങ്ങളും അമ്പരന്നു, ഡോക്ടര്‍ എങ്ങനെ അറിഞ്ഞു എന്നോര്‍ത്ത്‌...തന്റെ ബുള്‍ഗയിന്‍ താടി അമര്‍ത്തിത്തടവി ഡോക്ടര്‍ ചിന്തയിലാണ്ടു.
"എന്താ ഡോക്ടര്‍..., എനി സീരിയസ്‌..?"പരിഭ്രമത്തോടെ അച്ഛന്‍ ചോദിച്ചു."അതെ. അല്‍പം സീരിയസാണ്‌.
ഡോക്ടര്‍ സമ്മതിച്ചു.
അച്ഛന്റെ മുഖം വിളറി. അമ്മയും പരവശ്യയാണെന്ന് ഞാനറിഞ്ഞു.ഞങ്ങളുടെ പ്രയാസം കണ്ട്‌ ഡോക്ടര്‍ ശാന്ത സ്വരത്തില്‍ ആശ്വസിപ്പിച്ചു.
"ഇത്‌ ഒരൊറ്റപ്പെട്ട കേസല്ല. ഈ ജൂണ്‍ മാസത്തിനു ശേഷം എന്റെ അരികിലെത്തിയ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രോഗികളും ഇതേ അവസ്ഥയിലുള്ള ടീച്ചര്‍മാരാണ്‌."
"എന്തു രോഗമാണിത്‌ ഡോക്ടര്‍...?"
അച്ഛനും ഞാനും ഒരേ സ്വരത്തില്‍ ചോദിച്ചു.
ഞങ്ങളെ മാറിമാറി നോക്കിയ ശേഷം അദ്ദേഹം സാവധാനം വിശദീകരിച്ചു.
"ഇതാണ്‌ ഡി.പി.ഈ.പി.മാനിയ. രണ്ടു വര്‍ഷത്തെ നിരന്തര പരിശിലനത്തിലൂടെ അധ്യാപന യോഗ്യത നേടി ഇതു വരെ തുടര്‍ന്നുപോന്ന രീതികളെല്ലാം വെറും അഞ്ചു ദിവസത്തെ പരിശീലനം കൊണ്ട്‌ പാടെ മാറ്റി പുതിയ രീതി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായതിന്റെ ആഘാതമാണ്‌ ഇതിനു കാരണം. ഊണിലും ഉറക്കത്തിലുമെല്ലാം അവരില്‍ ഒരു ചിന്തയേയുള്ളു.നാളെ ക്ലാസ്സിലെത്തുമ്പോള്‍ എന്തു ചെയ്യണം...?എങ്ങനെ ചെയ്യണം..?എന്നുള്ള ചിന്ത. ഈ ടെന്‍ഷന്‍ താങ്ങാനാകാതെ ജോലി രാജി വച്ചവര്‍ പോലുമുണ്ട്‌."
പെട്ടെന്നു ഞാന്‍ അമ്മയെ നോക്കി.അര്‍ഹതപ്പെട്ട പതിനഞ്ചു കാഷ്വല്‍ ലീവും അമ്മ രണ്ടുമാസത്തിനുള്ളിലെടുത്തതിന്റെ കാരണം എനിക്ക്‌ വ്യക്തമായി.അച്ഛന്‍ തളര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
"ഒരു പ്രതിവിധിയും....?"
"ങ്‌ഹാ... അതിനുത്തരം തരാന്‍ കഴിയാത്തതിന്റെ ടെന്‍ഷനിലാണ്‌ ഞാനും."ഡോക്ടര്‍ നിസ്സഹായതയോടെ കൈ മലര്‍ത്തി
പിന്നെ പിറുപിറുക്കും മട്ടില്‍ ഞങ്ങളെ അറിയിച്ചു.
"ഒന്നേ ഇപ്പൊള്‍ ചെയ്യാനുള്ളു.ദൈവത്തോടു പ്രാര്‍ത്ഥിക്കുക.ഒക്കെ ശരിയാകും."
അമ്മയേംകൂട്ടി ഡോക്ടറുടെ അടുത്തു നിന്നു മടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ ആ ചികിത്സ തുടങ്ങിയിരുന്നല്ലൊ.എന്തായാലും ഒന്നും ശരിയായില്ലെന്നു പറഞ്ഞുകൂടാ.കാലാകാലങ്ങളില്‍ മാറ്റം തുടരുന്ന വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ അമ്മയും വിജയകരമായി തരണം ചെയ്യുന്നുണ്ട്‌.പക്ഷെ,എനിക്കൊന്നു വ്യക്തമായറിയാം. അന്നത്തെ ആഘാതം അമ്മയ്ക്കു നഷ്ടപ്പെടുത്തിയത്‌ നിസ്സാരമായ ഒന്നല്ല.അധ്യാപനത്തോടുണ്ടായിരുന്ന കറതീര്‍ന്ന ആത്മാര്‍ഥത...
അതിന്നും തിരിച്ചു കിട്ടിയിട്ടില്ല. സത്യം.


എന്റെ അമ്മയെ അറിയേണ്ടേ...http://www.leelamchandran.blogspot.com/

Sunday, April 6, 2008

ചില കാര്യങ്ങള്‍ അങ്ങനെയാണ്..

മൂന്നാഴ്ചയിലേറെയായി ഞങ്ങള്‍ അഞ്ചുപേരുടെ
ഉറക്കം കെടുത്തിയ ഒരു മന്ത്രത്തിന്റെ പൊരുളാണു എനിക്കു ഇപ്പോള്‍ പിടികിട്ടിയതു ...
ആര്‍ക്കമിഡീസിനെ പോലെ "യുറേക്കാ ..യുറേക്കാ... " ..എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌

ഓടാനുള്ള ആവേശം എനിക്കുണ്ട്‌.
അത്തരം "വിവര"ദോഷികളേ പോലെ കിറുക്കൊന്നും എനിക്കില്ലലോ...
എന്തായാലും രഹസ്യം കണ്ടുപിടിച്ചതിന്റെ മുഴുവന്‍ അവകാശവും എനിക്കു തന്നെ....
കാര്യം നിസ്സാരം എന്നു തോന്നാമെങ്കിലും അതു ഒരു അഭിമാനപ്രശ്നം ആയിരുന്നു.....കാരണം,സൂര്യനു കീഴില്‍ എന്തിനെ കുറിച്ചും അറിവുള്ളവരാണ് ഞങ്ങള്‍ എന്ന ഒരു ധാരണ....അപ്പോല്‍ കേവലം ഒരു കടങ്കഥയ്ക്ക്‌ ഉത്തരം കണ്ടെത്താന്‍ കൂടി ഞങ്ങള്‍ക്കാകില്ലാ.. എന്നായാല്‍ ...ഛെ..മോശം.വളരെ മോശം..
എവിടെ നിന്നാണ്..
ഈ ഒരു അവസ്ഥ എത്തി ചേര്‍ന്നത്‌
എന്ന ചോദ്യം ഉണ്ടായേക്കാം..
അതാണെങ്കില്‍ ഒരു അല്‍പ്പം പിശകുള്ളതായിരുന്നു....അതു കൊണ്ടുതന്നെ അതിന്റെ പൊരുള്‍ കണ്ടെത്തിയേ തീരൂ എന്ന് ഞങ്ങള്‍ കരുതിയതു ..


അന്നൊരു വെള്ളിയാഴ്ചയായിരുന്നു...വീട്ടില്‍ നിന്നും അനുവാദംവാങ്ങി ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കളും രാത്രി ഷോ കാണാന്‍ പോയി..സാധാരണ പന്ത്രണ്ട്‌ മണിക്കു മുന്‍പേ പടം തീരാറുണ്ട്‌ .ആരെങ്കിലുമൊക്കെ കൂടെ ഉണ്ടാകാറുമുണ്ട്‌... പക്ഷെ അന്നു നമ്മുടെ പ്രതീക്ഷയ്ക്കു വിപരീതമായ കാര്യങ്ങളാണ് ഉണ്ടായത്...

സിനിമ തീരാന്‍ വൈകി,,,ഞങ്ങള്‍ക്കു കൂട്ടിനു ആരും ഉണ്ടായിരുന്നില്ല...വെറുതെയെങ്കിലും ഒരു വാഹനവും ഞങ്ങളുടെ വഴിയേ പോകുന്നുമില്ല....പേടിച്ചു നിന്നിട്ടു കാര്യവും ഇല്ലല്ലോ..ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു...

നേര്‍ത്ത നിലാവു മാത്രം ...ഞങ്ങള്‍ കണ്ട സിനിമയിലെ ഭീകരരംഗങ്ങള്‍ ഓര്‍മയിലുണ്ടായിരുന്നതിനാല്‍ നിലാവില്‍ ഒരു ഇലയുടെ അനക്കം പോലും ഞങ്ങളെ ഭയപ്പെടുത്തി.....
എങ്കിലും അഞ്ചുപേരുടെ ബലത്തില്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു...
പെട്ടന്നാണു ഞങ്ങള്‍ ഒരു കാഴ്ച കണ്ടതു.. ഒരു വെളുത്ത രൂപം ഞങ്ങളുടെ അടുത്തേക്കു മന്ദം മന്ദം ..(ഒഴുകി..?) വരുന്നു...അടുത്തുള്ള ശ്മശാനത്തിന്റെ പടി ഇറങ്ങി ആണു അതു വരുന്നത്‌ എന്ന ഒരു അറിവ്‌ ഞങ്ങളുടെ കാലുകളെ മരവിപ്പിച്ചു. പരസ്പരം കോര്‍ത്തു പിടിച്ച കൈകളുടെ വിറയല്‍ ഞങ്ങളറിയുന്നുണ്ടായിരുന്നു...റോഡിന്റെ ഒരു വശത്തേക്കു മറപറ്റി നിന്നു...എന്നാല്‍ ആ രൂപം അടുത്തെത്തിയതും ഞങ്ങല്‍ ഒരുമിച്ചു ചിരിച്ചതും ഒന്നിച്ചായിരുന്നു... ഒരു വെളുത്ത പശു ആയിരുന്നു അത്‌.......
ഞങ്ങളുടെ നാട്ടില്‍ പശുക്കളെ ഇങ്ങനെ തുറന്നു വിടുകയാണുപതിവു..ചപ്പും ചവറും തിന്നു വയറു നിറയുമ്പൊള്‍ അവ തൊഴുത്തില്‍ തിരിച്ചു എത്തും .ശ്മശാനനത്തില്‍ നല്ല കുരുന്നു പുല്ലുകള്‍ നിറഞ്ഞ സമയമാണു.അതു തിന്നു രസിച്ച പശു തിരിച്ചു വീട്ടില്‍ പോകാന്‍ മറന്നിട്ടുണ്ടാകാം..അതോ.. കറവ സമയമാകുമ്പൊള്‍ യജമാനന്റെ അടുത്തെത്തിയാല്‍ മതി എന്നു വിചാരിച്ചിട്ടൊ..?

ഞങ്ങളെ പേടിപ്പിച്ചതിനു കണക്കുതീര്‍ത്ത് അതിനെ എറിഞ്ഞോടിച്ചു...പിന്നെ ഞങ്ങള്‍ നടന്നത്‌ ശരിക്കും ധീരന്‍മാരായാണ്...പ്രേതകഥകളൊക്കെ തട്ടിപ്പാണെന്നും ..അതൊക്കെ മനസ്സിന്റെ തോന്നലുകളാണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഒരിക്കലും ഇനി ഉണ്ടാകരുതെന്നുമെല്ലാം ഉറച്ചു തീരുമാനം എടുത്തുമെല്ലാം ഞങ്ങള്‍ ഉത്സാഹത്തൊടെ നടന്നു...

പക്ഷെ ....

കള്ളു ഷാപ്പിന്റെ മുമ്പിലുള്ള റോഡിലെത്തിയപ്പോളേക്കും പാലപ്പൂവിന്‍റെ ഗന്ധം ഞങ്ങള്‍‍ക്കു അനുഭവപ്പെട്ടു ... അതുവരെ ഉണ്ടായിരുന്ന ഒച്ചയും വേഗതയും കുറഞ്ഞൂ...അതു മാത്രമല്ല അതു നില്‍ക്കുക്കയും ചെയ്തു ...
വളരെ പെട്ടെന്നാണ് അവിടെ നിന്നിരുന്ന പാല മരത്തിന്റെ ഒരു ശിഖരം ഒരു വല്ലാത്ത ശബ്ദത്താല്‍ ആടി ഉലഞ്ഞത് ...

തത്വശാസ്ത്രങ്ങളും പുരോഗമനചിന്തകളും ഏതു വഴിയെ പോയി എന്നു അറിയില്ല...
"എന്തിനാടാ കുരുത്തം കെട്ട പിള്ളാരേ ഓടുന്നത്‌?"

റോഡിനു വീതി മതിയാകാത്ത പോലെ ആടി ആടി വരുന്ന ബാലേട്ടന്റെ കുഴഞ്ഞ ചോദ്യം കേട്ടപ്പോളാണു ഞങ്ങള്‍ തിരിഞ്ഞ് ഓടുകയായിരുന്നു എന്നറിഞ്ഞത് .നല്ല ബോധത്തോടെയല്ലെങ്കിലും ഒരു മനുഷ്യജീവിയെ കണ്ടതില്‍ ഞങ്ങള്‍ സന്തോഷിച്ചു .എന്നും ഈ നേരത്തു ഈ അവസ്ഥയില്‍ ആണു കമ്പനിയിലെ ജോലി കഴിഞ്ഞു ബാലേട്ടന്‍ വരാറുള്ളത്‌ .വഴിയില്‍ വീണും വീണിടത്തു കിടന്നുറങ്ങിയും പിന്നെ എഴുന്നേറ്റും നേരം വെളുക്കുമ്പോള്‍ വീട്ടിലെത്തും .പിന്നെ സാധാരണമട്ടില്‍ കുളിയും ജപവും കഴിഞ്ഞു വീണ്ടും ജോലിക്കു പോകും.....

എന്തായാലും ബാലേട്ടന്‍ എന്നും ഈ പാലച്ചുവട്ടില്‍ കൂടിയാണല്ലോ പോകുന്നത്‌ ഞങ്ങള്‍ വിവരം ബാലേട്ടനെ അറിയിച്ചു ...കേട്ട പാതി കേല്‍ക്കാത്തപാതി ബാലേട്ടന്‍ ചിരിതുടങ്ങി.. ചിരിക്കൊടുവില്‍ ‍ബാലേട്ടന്‍ പറഞ്ഞൂ..
"പേടിക്കേണ്ടാ പീള്ളേരേ ..അതു യക്ഷിയാണു..അവളെ മയക്കാന്‍ ഒരേയൊരു മന്ത്രമേയുള്ളൂ........."

പറഞ്ഞുതീരും മുമ്പ്‌ ബാലേട്ടന്‍ വഴിയരികില്‍ വീണു...മന്ത്രം കേള്‍ക്കാനുള്ള താല്‍പര്യം കൊണ്ട്‌ ഞങ്ങള്‍ അരികില്‍ ഇരുന്നു നിര്‍ബന്ധിച്ചു.അസഹ്യതയൊടെ അയാള്‍ പിറുപിറുത്തു...

"ഗുണിക്കണം ഗുണിക്കണം പിന്ന്യം ഗുണിക്കണം ആ.ര്‍. യൂ.. യ്യം ..." ..."

ബാലേട്ടനെ കുലുക്കിവിളിച്ചുണര്‍ത്താനുള്ള ശ്രമം വിഫലമായി..ഞങ്ങല്‍ പരസ്പരം നോക്കി.... എന്തായാലും മന്ത്രം കിട്ടിയല്ലോ..ഇതും ചൊല്ലിയാകണം ബാലേട്ടന്‍ ഈ വഴി നടന്നു പോകുന്നത്‌ .

ഞങ്ങള്‍ മന്ത്രം ജപ്പിച്ചുകൊണ്ട്‌ നടക്കാന്‍ തുടങ്ങി.. ഈ മന്ത്രം ഫലിക്കുമെങ്കില്‍ പാലമരത്തിന്റെ ശിഖരം ഇളകുകയില്ല.......ഇല്ലായെങ്കില്‍..വീണ്ടും ഒരു ഓട്ടത്തിന്നു തയ്യാര്‍ എടുത്തുകൊണ്ടാണൂ ഞങ്ങള്‍ നടന്നത്‌...എന്നാല്‍ മന്ത്രത്തിന്റെ ശക്തിയില്‍ ഉറച്ച വിശ്വാസം വന്നു..കാരണം ഒരു കുഴപ്പവും കൂടാതെ വീടുകളില്‍ എത്തി അന്നു മുതല്‍ ആ മന്ത്രത്തിന്റെ പൊരുളിനായുള്ള അന്വേഷണത്തില്‍ ആയിരുന്നു...

ചോദിച്ചവര്‍ എല്ലാം കൈ മലര്‍ത്തി .സാഹചര്യങ്ങള്‍ വ്യക്തമാകിയപ്പോല്‍ "അതു യക്ഷി ഒന്നും അല്ലടാ വെറും കടവാവല്‍ ആണെന്ന് " ചിലര്‍ അസൂയ പറഞ്ഞു.പകല്‍ സമയത്തു ബാലേട്ടനോടു ചൊദിച്ചപ്പോള്‍ അങ്ങനെ ഒന്നു പറഞ്ഞ കാര്യം അയാള്‍ക്കും ഓര്‍മ്മയുണ്ടയിരുന്നില്ല....
പക്ഷേ.. ഇന്ന് ഞാന്‍ ബാലേട്ടന്റെ വീട്ടില്‍ എത്തുമ്പോള്‍ പഴയകുപ്പികള്‍ പൊറുക്കി വില്‍ക്കാനായി അടുക്കിവയ്ക്കുകയായിരുന്നു അയാള്‍..അവയുടെ എണ്ണം കണ്ടു ഞാന്‍ പറഞ്ഞു..."ഇതു പെരുത്തുണ്ടല്ലോ ബാലേട്ടാ...."
കയ്യില്‍ ഉണ്ടായിരുന്ന കുപ്പി ഉയര്‍ത്തിപ്പിടിച്ചു ബാലേട്ടന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞൂ..
"ഇതില്‍ അല്ലേടാ എന്റെ ശക്തി മുഴുവന്‍..."

പെട്ടെന്നു ഞാനാകാഴ്ചകണ്ടു രണ്ടാഴ്ചക്കാലമായി ഞങ്ങളെ വിഷമിപ്പിച്ച ആ മന്ത്രം .
.ഒരു കുപ്പിയിലല്ലാ.. പല കുപ്പികളിലും സാമാന്യം വലിപ്പത്തില്‍ അച്ചടിച്ച ലേബലുകള്‍..
അതേ..ബാലേട്ടന്‍ ഞങ്ങള്‍ക്കു പകര്‍ന്നുതന്ന യക്ഷിമന്ത്രം..."

"ഗുണിക്കണം ഗുണിക്കണം പിന്ന്യം ഗുണിക്കണം ആ.ര്‍. യൂ.. എം ..." ..."

XXX RUM

Thursday, March 20, 2008

അവസ്ഥാന്തരങ്ങള്‍


1.അവസ്ഥാന്തരങ്ങള്‍
തുറന്നിട്ടൊരീ ജാലകത്തിലരികിലിരുന്നു ഞാന്‍ ഇതു കുറിക്കുന്നു..
രാത്രിയുടെ ആവരണം കണ്ണുകളെ അനുഗ്രഹിച്ചിരിക്കുന്നു...
നിശബ്ദതയുടെ മുള്ളുകള്‍ കര്‍ണ്ണപുടങ്ങളെകുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നു..
പാടാന്‍ മറന്നകിളികള്‍!!! ഒരു കുളിര്‍കാറ്റിന്റെ
തലോടല്‍ പോലുമേല്‍ക്കാത്ത ഇലകള്‍..
എല്ലാം ഞാന്‍ അറിഞ്ഞിരുന്നു...
കടലിന്റെ വിതുമ്പലുകള്‍‍ ഏറ്റു വാങ്ങാതെ തിരകള്‍ എന്‍ കരളില്‍ ഉറഞ്ഞതും...
കടിഞ്ഞാണറ്റ യാഗാശ്വങ്ങള്‍ കുതിപ്പു മറന്നതും എല്ലാം...........
ഈ കറുത്ത ആകാശത്തിന്റെ ചുവട്ടിലിരുന്ന്
ഒാര്‍മ്മകളുടെ അഗ്നി ജ്വലിപ്പിക്കുന്നു..
പിന്നിട്ട വഴികള്‍.. അറ്റമില്ലാത്ത മോഹങ്ങള്‍!!!!
ഒന്നും നേടാനാകാതെ മനസ്സുരുകിയപ്പ്പ്പോഴും
നേര്‍ത്ത പ്രതീക്ഷയുണ്ടായിരുന്നു....
എങ്കിലും നിഴലുകള്‍ പോലും കൂട്ടിനെത്താത്ത
തണുത്ത രാവിന്റെ നിശ്ബ്ദത വിഴുങ്ങി ഞാന്‍ വിയര്‍ത്തു.......

2.അന്വേഷണങ്ങള്‍ ....
അന്വേഷണങ്ങളുടെ ആവേശം എത്രയൊ ഉല്‍കൃഷ്ടം...
ആകാശത്തില്‍ തെളിയാത്ത നക്ഷത്രങ്ങളുടെ പരിഭവത്തിനു കാരണമെന്ത്‌ ?
ഇനിയും കേള്‍ക്കാത്ത രാപ്പാടിയുടേ ഗീതത്തിനു ഉറവിടമെവിടെ....?
ദാഹം മരണവെപ്രാളമായി എന്നെ പൊതിഞ്ഞിട്ടും
അന്ധത കൂടുകെട്ടിയ മനസ്സിന്റെ
ഉള്ളറകള്‍ ഒളിത്താവളം ആക്കി ഞാന്‍ ചിരിച്ചു....
സഫലീകരികാത്ത സ്വപ്നങ്ങള്‍ക്കു
മുകളില്‍ മഞ്ഞുപാളികളായി ഞാന്‍ തണുത്തു..
ആര്‍ക്കും രസിക്കത്ത നവ്യഗീതങ്ങള്‍ പാടി പാടി ഞാന്‍ തിമിര്‍ത്തു..
ആരേയും മയക്കുന്ന വിശ്വമന്ദസ്മിതം
എപ്പോഴാണാവോ എന്റെ അധരത്തിലുറഞ്ഞത്‌!!!!!!!!

3.പ്രതീക്ഷ.
ഇപ്പൊള്‍ ഒരു നേരിയ പ്രതീക്ഷയുടെ തുരുത്തിലിരുന്ന്
ഇന്ന് ഞാന്‍ ആശ്വസിക്കുന്നു.
ഉറച്ച പാറയുടെ മുകളില്‍ മണിമാളികയുയര്‍ത്താന്‍ എനിക്കു സാധിക്കും ..
അതിന്റെ അടിത്തറ ഇളകില്ല..ചില്ലുകള്‍ തകരില്ല..
അവിടെ സ്വപ്നങ്ങള്‍ അഴുകില്ല..
നന്മകള്‍ ഉണ്ടാകും ...നന്മകള്‍ മാത്രം.....
സൗമ്യ ബന്ധങ്ങള്‍ പതഞ്ഞുയരും...
പരശതം മധുവാക്കുകള്‍ പൊഴിയും..
തൂവള്‍ സ്പര്‍ശത്തിന്റെ നിര്‍വൃതിയിലലിയും....
മതി... അത്രയും മതി...
.നന്ദി .....ഒരായിരം...നന്ദി.....