Sunday, April 6, 2008

ചില കാര്യങ്ങള്‍ അങ്ങനെയാണ്..





മൂന്നാഴ്ചയിലേറെയായി ഞങ്ങള്‍ അഞ്ചുപേരുടെ
ഉറക്കം കെടുത്തിയ ഒരു മന്ത്രത്തിന്റെ പൊരുളാണു എനിക്കു ഇപ്പോള്‍ പിടികിട്ടിയതു ...
ആര്‍ക്കമിഡീസിനെ പോലെ "യുറേക്കാ ..യുറേക്കാ... " ..എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌

ഓടാനുള്ള ആവേശം എനിക്കുണ്ട്‌.
അത്തരം "വിവര"ദോഷികളേ പോലെ കിറുക്കൊന്നും എനിക്കില്ലലോ...
എന്തായാലും രഹസ്യം കണ്ടുപിടിച്ചതിന്റെ മുഴുവന്‍ അവകാശവും എനിക്കു തന്നെ....
കാര്യം നിസ്സാരം എന്നു തോന്നാമെങ്കിലും അതു ഒരു അഭിമാനപ്രശ്നം ആയിരുന്നു.....കാരണം,സൂര്യനു കീഴില്‍ എന്തിനെ കുറിച്ചും അറിവുള്ളവരാണ് ഞങ്ങള്‍ എന്ന ഒരു ധാരണ....അപ്പോല്‍ കേവലം ഒരു കടങ്കഥയ്ക്ക്‌ ഉത്തരം കണ്ടെത്താന്‍ കൂടി ഞങ്ങള്‍ക്കാകില്ലാ.. എന്നായാല്‍ ...ഛെ..മോശം.വളരെ മോശം..
എവിടെ നിന്നാണ്..
ഈ ഒരു അവസ്ഥ എത്തി ചേര്‍ന്നത്‌
എന്ന ചോദ്യം ഉണ്ടായേക്കാം..
അതാണെങ്കില്‍ ഒരു അല്‍പ്പം പിശകുള്ളതായിരുന്നു....അതു കൊണ്ടുതന്നെ അതിന്റെ പൊരുള്‍ കണ്ടെത്തിയേ തീരൂ എന്ന് ഞങ്ങള്‍ കരുതിയതു ..


അന്നൊരു വെള്ളിയാഴ്ചയായിരുന്നു...വീട്ടില്‍ നിന്നും അനുവാദംവാങ്ങി ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കളും രാത്രി ഷോ കാണാന്‍ പോയി..സാധാരണ പന്ത്രണ്ട്‌ മണിക്കു മുന്‍പേ പടം തീരാറുണ്ട്‌ .ആരെങ്കിലുമൊക്കെ കൂടെ ഉണ്ടാകാറുമുണ്ട്‌... പക്ഷെ അന്നു നമ്മുടെ പ്രതീക്ഷയ്ക്കു വിപരീതമായ കാര്യങ്ങളാണ് ഉണ്ടായത്...

സിനിമ തീരാന്‍ വൈകി,,,ഞങ്ങള്‍ക്കു കൂട്ടിനു ആരും ഉണ്ടായിരുന്നില്ല...വെറുതെയെങ്കിലും ഒരു വാഹനവും ഞങ്ങളുടെ വഴിയേ പോകുന്നുമില്ല....പേടിച്ചു നിന്നിട്ടു കാര്യവും ഇല്ലല്ലോ..ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു...

നേര്‍ത്ത നിലാവു മാത്രം ...ഞങ്ങള്‍ കണ്ട സിനിമയിലെ ഭീകരരംഗങ്ങള്‍ ഓര്‍മയിലുണ്ടായിരുന്നതിനാല്‍ നിലാവില്‍ ഒരു ഇലയുടെ അനക്കം പോലും ഞങ്ങളെ ഭയപ്പെടുത്തി.....
എങ്കിലും അഞ്ചുപേരുടെ ബലത്തില്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു...
പെട്ടന്നാണു ഞങ്ങള്‍ ഒരു കാഴ്ച കണ്ടതു.. ഒരു വെളുത്ത രൂപം ഞങ്ങളുടെ അടുത്തേക്കു മന്ദം മന്ദം ..(ഒഴുകി..?) വരുന്നു...അടുത്തുള്ള ശ്മശാനത്തിന്റെ പടി ഇറങ്ങി ആണു അതു വരുന്നത്‌ എന്ന ഒരു അറിവ്‌ ഞങ്ങളുടെ കാലുകളെ മരവിപ്പിച്ചു. പരസ്പരം കോര്‍ത്തു പിടിച്ച കൈകളുടെ വിറയല്‍ ഞങ്ങളറിയുന്നുണ്ടായിരുന്നു...റോഡിന്റെ ഒരു വശത്തേക്കു മറപറ്റി നിന്നു...എന്നാല്‍ ആ രൂപം അടുത്തെത്തിയതും ഞങ്ങല്‍ ഒരുമിച്ചു ചിരിച്ചതും ഒന്നിച്ചായിരുന്നു... ഒരു വെളുത്ത പശു ആയിരുന്നു അത്‌.......
ഞങ്ങളുടെ നാട്ടില്‍ പശുക്കളെ ഇങ്ങനെ തുറന്നു വിടുകയാണുപതിവു..ചപ്പും ചവറും തിന്നു വയറു നിറയുമ്പൊള്‍ അവ തൊഴുത്തില്‍ തിരിച്ചു എത്തും .ശ്മശാനനത്തില്‍ നല്ല കുരുന്നു പുല്ലുകള്‍ നിറഞ്ഞ സമയമാണു.അതു തിന്നു രസിച്ച പശു തിരിച്ചു വീട്ടില്‍ പോകാന്‍ മറന്നിട്ടുണ്ടാകാം..അതോ.. കറവ സമയമാകുമ്പൊള്‍ യജമാനന്റെ അടുത്തെത്തിയാല്‍ മതി എന്നു വിചാരിച്ചിട്ടൊ..?

ഞങ്ങളെ പേടിപ്പിച്ചതിനു കണക്കുതീര്‍ത്ത് അതിനെ എറിഞ്ഞോടിച്ചു...പിന്നെ ഞങ്ങള്‍ നടന്നത്‌ ശരിക്കും ധീരന്‍മാരായാണ്...പ്രേതകഥകളൊക്കെ തട്ടിപ്പാണെന്നും ..അതൊക്കെ മനസ്സിന്റെ തോന്നലുകളാണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഒരിക്കലും ഇനി ഉണ്ടാകരുതെന്നുമെല്ലാം ഉറച്ചു തീരുമാനം എടുത്തുമെല്ലാം ഞങ്ങള്‍ ഉത്സാഹത്തൊടെ നടന്നു...

പക്ഷെ ....

കള്ളു ഷാപ്പിന്റെ മുമ്പിലുള്ള റോഡിലെത്തിയപ്പോളേക്കും പാലപ്പൂവിന്‍റെ ഗന്ധം ഞങ്ങള്‍‍ക്കു അനുഭവപ്പെട്ടു ... അതുവരെ ഉണ്ടായിരുന്ന ഒച്ചയും വേഗതയും കുറഞ്ഞൂ...അതു മാത്രമല്ല അതു നില്‍ക്കുക്കയും ചെയ്തു ...
വളരെ പെട്ടെന്നാണ് അവിടെ നിന്നിരുന്ന പാല മരത്തിന്റെ ഒരു ശിഖരം ഒരു വല്ലാത്ത ശബ്ദത്താല്‍ ആടി ഉലഞ്ഞത് ...

തത്വശാസ്ത്രങ്ങളും പുരോഗമനചിന്തകളും ഏതു വഴിയെ പോയി എന്നു അറിയില്ല...
"എന്തിനാടാ കുരുത്തം കെട്ട പിള്ളാരേ ഓടുന്നത്‌?"

റോഡിനു വീതി മതിയാകാത്ത പോലെ ആടി ആടി വരുന്ന ബാലേട്ടന്റെ കുഴഞ്ഞ ചോദ്യം കേട്ടപ്പോളാണു ഞങ്ങള്‍ തിരിഞ്ഞ് ഓടുകയായിരുന്നു എന്നറിഞ്ഞത് .നല്ല ബോധത്തോടെയല്ലെങ്കിലും ഒരു മനുഷ്യജീവിയെ കണ്ടതില്‍ ഞങ്ങള്‍ സന്തോഷിച്ചു .എന്നും ഈ നേരത്തു ഈ അവസ്ഥയില്‍ ആണു കമ്പനിയിലെ ജോലി കഴിഞ്ഞു ബാലേട്ടന്‍ വരാറുള്ളത്‌ .വഴിയില്‍ വീണും വീണിടത്തു കിടന്നുറങ്ങിയും പിന്നെ എഴുന്നേറ്റും നേരം വെളുക്കുമ്പോള്‍ വീട്ടിലെത്തും .പിന്നെ സാധാരണമട്ടില്‍ കുളിയും ജപവും കഴിഞ്ഞു വീണ്ടും ജോലിക്കു പോകും.....

എന്തായാലും ബാലേട്ടന്‍ എന്നും ഈ പാലച്ചുവട്ടില്‍ കൂടിയാണല്ലോ പോകുന്നത്‌ ഞങ്ങള്‍ വിവരം ബാലേട്ടനെ അറിയിച്ചു ...കേട്ട പാതി കേല്‍ക്കാത്തപാതി ബാലേട്ടന്‍ ചിരിതുടങ്ങി.. ചിരിക്കൊടുവില്‍ ‍ബാലേട്ടന്‍ പറഞ്ഞൂ..
"പേടിക്കേണ്ടാ പീള്ളേരേ ..അതു യക്ഷിയാണു..അവളെ മയക്കാന്‍ ഒരേയൊരു മന്ത്രമേയുള്ളൂ........."

പറഞ്ഞുതീരും മുമ്പ്‌ ബാലേട്ടന്‍ വഴിയരികില്‍ വീണു...മന്ത്രം കേള്‍ക്കാനുള്ള താല്‍പര്യം കൊണ്ട്‌ ഞങ്ങള്‍ അരികില്‍ ഇരുന്നു നിര്‍ബന്ധിച്ചു.അസഹ്യതയൊടെ അയാള്‍ പിറുപിറുത്തു...

"ഗുണിക്കണം ഗുണിക്കണം പിന്ന്യം ഗുണിക്കണം ആ.ര്‍. യൂ.. യ്യം ..." ..."

ബാലേട്ടനെ കുലുക്കിവിളിച്ചുണര്‍ത്താനുള്ള ശ്രമം വിഫലമായി..ഞങ്ങല്‍ പരസ്പരം നോക്കി.... എന്തായാലും മന്ത്രം കിട്ടിയല്ലോ..ഇതും ചൊല്ലിയാകണം ബാലേട്ടന്‍ ഈ വഴി നടന്നു പോകുന്നത്‌ .

ഞങ്ങള്‍ മന്ത്രം ജപ്പിച്ചുകൊണ്ട്‌ നടക്കാന്‍ തുടങ്ങി.. ഈ മന്ത്രം ഫലിക്കുമെങ്കില്‍ പാലമരത്തിന്റെ ശിഖരം ഇളകുകയില്ല.......ഇല്ലായെങ്കില്‍..വീണ്ടും ഒരു ഓട്ടത്തിന്നു തയ്യാര്‍ എടുത്തുകൊണ്ടാണൂ ഞങ്ങള്‍ നടന്നത്‌...എന്നാല്‍ മന്ത്രത്തിന്റെ ശക്തിയില്‍ ഉറച്ച വിശ്വാസം വന്നു..കാരണം ഒരു കുഴപ്പവും കൂടാതെ വീടുകളില്‍ എത്തി അന്നു മുതല്‍ ആ മന്ത്രത്തിന്റെ പൊരുളിനായുള്ള അന്വേഷണത്തില്‍ ആയിരുന്നു...

ചോദിച്ചവര്‍ എല്ലാം കൈ മലര്‍ത്തി .സാഹചര്യങ്ങള്‍ വ്യക്തമാകിയപ്പോല്‍ "അതു യക്ഷി ഒന്നും അല്ലടാ വെറും കടവാവല്‍ ആണെന്ന് " ചിലര്‍ അസൂയ പറഞ്ഞു.പകല്‍ സമയത്തു ബാലേട്ടനോടു ചൊദിച്ചപ്പോള്‍ അങ്ങനെ ഒന്നു പറഞ്ഞ കാര്യം അയാള്‍ക്കും ഓര്‍മ്മയുണ്ടയിരുന്നില്ല....
പക്ഷേ.. ഇന്ന് ഞാന്‍ ബാലേട്ടന്റെ വീട്ടില്‍ എത്തുമ്പോള്‍ പഴയകുപ്പികള്‍ പൊറുക്കി വില്‍ക്കാനായി അടുക്കിവയ്ക്കുകയായിരുന്നു അയാള്‍..അവയുടെ എണ്ണം കണ്ടു ഞാന്‍ പറഞ്ഞു..."ഇതു പെരുത്തുണ്ടല്ലോ ബാലേട്ടാ...."
കയ്യില്‍ ഉണ്ടായിരുന്ന കുപ്പി ഉയര്‍ത്തിപ്പിടിച്ചു ബാലേട്ടന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞൂ..
"ഇതില്‍ അല്ലേടാ എന്റെ ശക്തി മുഴുവന്‍..."

പെട്ടെന്നു ഞാനാകാഴ്ചകണ്ടു രണ്ടാഴ്ചക്കാലമായി ഞങ്ങളെ വിഷമിപ്പിച്ച ആ മന്ത്രം .
.ഒരു കുപ്പിയിലല്ലാ.. പല കുപ്പികളിലും സാമാന്യം വലിപ്പത്തില്‍ അച്ചടിച്ച ലേബലുകള്‍..
അതേ..ബാലേട്ടന്‍ ഞങ്ങള്‍ക്കു പകര്‍ന്നുതന്ന യക്ഷിമന്ത്രം..."

"ഗുണിക്കണം ഗുണിക്കണം പിന്ന്യം ഗുണിക്കണം ആ.ര്‍. യൂ.. എം ..." ..."

XXX RUM