Saturday, May 24, 2008

മാനിയ...

കാലം കുറച്ചായി. എതാണ്ട്‌ പത്തു വര്‍ഷം.
മനസ്സില്‍ നിന്നും ഇന്നും അതു മാഞ്ഞു പോയിട്ടേ ഇല്ല.
എന്റെ ആ ഓര്‍മ്മയില്‍ നിങ്ങള്‍ക്കുകൂടി പങ്കു ചേരാമെന്നതിനാലാണ്‌ വീണ്ടും ഞാനത്‌ പറയുന്നത്‌.
എന്റെ അമ്മയെക്കുറിച്ചാണ്‌.
അമ്മയ്ക്ക്‌ എന്തു പറ്റിയെന്നൊ?അതെ.അതുതന്നെയായിരുന്നു എന്റെയും ചോദ്യം...എന്റെ അമ്മയ്ക്ക്‌ എന്താണു പറ്റിയത്‌?എത്ര ആലോചിച്ചിട്ടും അതിനു മറുപടി കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല.അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ല.ഒരു നിമിഷം വെറുതെയിരിക്കില്ല.ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ടില്‍ ജോലികള്‍ ചെയ്തു കൊണ്ടേയിരിക്കും.
വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവി എതെന്നു ചോദിച്ചാല്‍ നിസ്സംശയം എനിക്കുത്തരം പറയാന്‍ കഴിയുമായിരുന്നു,'എന്റെ അമ്മ'എന്ന്.'കുടത്തില്‍ നിന്നു തുറന്നു വിട്ട ഭൂതം'എന്ന് അച്ഛന്‍ അമ്മയെ കളിയാക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌.
അതിരാവിലെ ഉണരുന്ന ശീലമൊന്നും അമ്മയ്ക്കില്ല.പക്ഷേ,ഉണര്‍ന്നെണീറ്റു വന്നാല്‍പ്പിന്നെ പാതിരാത്രികഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കും വരെ അമ്മയെ അലസയായി കാണാറില്ല.അച്ഛന്‍ ആഫീസിലേയ്ക്കും ഞങ്ങള്‍ സ്കൂളിലേയ്ക്കും പൊയിക്കഴിഞ്ഞാല്‍ അമ്മയും സ്കൂളിലേയ്ക്കു പോകും.കുട്ടികള്‍ക്കും അമ്മയെ വളരെഇഷ്ടമാണ്‌.ക്ലാസ്സിലെ ഓരോ കുട്ടിയേയും പറ്റി അമ്മ ഞങ്ങളൊടു പറയും.മാത്രമല്ല,ഏതു കാര്യവുംഏറ്റവും രസകരമായ രീതിയിലാകും അമ്മ അവതരിപ്പിക്കുക.
പറയാന്‍ വിഷയം തേടി അമ്മയ്ക്ക്‌ എവിടേയും അലയേണ്ട.കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും എല്ലാം അമ്മയ്ക്‌ സംസാരവിഷയങ്ങള്‍തന്നെ.എപ്പോഴും വായ്‌ തോരാതെ സംസാരിക്കുക എന്നത്‌ അമ്മയുടെ സ്വഭാവമായിരുന്നു.
ഒരിക്കല്‍ അച്ഛന്‍ അമ്മയെ വെല്ലുവിളിച്ചു.'ഒരു ദിവസം നീ മിണ്ടാതിരുന്നാല്‍ ഞാന്‍ ഒരു പവന്‍ വാങ്ങിത്തരാം'.
ഒരു ദിവസം പോയിട്ട്‌ ഒരു മണിക്കൂര്‍ പോലും അമ്മയ്ക്‌ സാധിക്കാത്ത കാര്യമാണതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.അമ്മ ആ വെല്ലുവിളി ചിരിച്ചു തള്ളി.
'ഓ....മിണ്ടാതിരുന്നിട്ടു കിട്ടുന്ന പവനൊന്നും എനിക്കു വേണ്ട...'
അമ്മയുടെ ഈ ഭാവം ഞങ്ങളുടെ മനസ്സിനും എപ്പോഴും ലാഘവത്വം നല്‍കിയിരുന്നു.ഒരു ടെന്‍ഷനുമില്ലാതെ ഏതൊരു പ്രശ്നവും അഭിമുഖീകരിക്കാനുള്ള ഒരു പ്രത്യേക മാനസികാവസ്ഥ
പക്ഷേ ....
കുറേ ദിവസമായി അസാധാരണമായ ചില സ്വഭാവ വിശേഷങ്ങള്‍ അമ്മയില്‍ കാണാന്‍ തുടങ്ങി.ചിരിയില്ല... കളിയില്ല...മിണ്ടാട്ടമില്ല...രാത്രിയില്‍ ഉറക്കവുമില്ല.
എപ്പോഴും ആലോചന..എന്തു പറ്റിയെന്ന ചോദ്യത്തിന്‌ ഒന്നുമില്ലെന്ന മറുപടി മാത്രം...ചെയ്യുന്ന പ്രവൃത്തികളില്‍ ഒരുതരം യാന്ത്രീകത....ചിലപ്പോള്‍ തനിച്ചിരുന്ന് പിറുപിറുക്കും.. ഒരേ ബിന്ദുവില്‍ നോട്ടമുറപ്പിച്ച്‌ ഏറെ നേരമിരിക്കും...
ആരെന്തു ചോദിച്ചാലും ദേഷ്യം...
'നിനക്കെന്താണ്‌ വിഷമം എന്നു പറ. നമുക്കു ഒരു ഡോക്ടറെ കാണാം'
അച്ഛന്‍ പലവട്ടം നിര്‍ബ്ബന്ധിച്ചു.എനിക്കൊന്നുമില്ലെന്ന മറുപടിയേ അമ്മയില്‍ നിന്ന് എപ്പൊഴും ഉണ്ടായുള്ളു.കൂടെ ഒരു അഭ്യര്‍ഥനയും.

'ദയവു ചെയ്ത്‌ എനിക്കിത്തിരി സ്വൈര്യം താ...'
അമ്മയുടെ അസ്വസ്ഥത ഞങ്ങളെ എത്രമാത്രം വിഷമിപ്പിച്ചുവെന്ന്അറിയാമല്ലോ.
ഉല്ലാസപൂര്‍ണമായിരുന്ന ഞങ്ങളുടെ വീട്ടിലിപ്പോള്‍ നിറഞ്ഞ മ്ലാനതയാണ്‌.ഒക്കെ ശരിയാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കാത്തിരുന്നു.
പക്ഷേ, ഒന്നു രണ്ടു മാസങ്ങള്‍ കടന്നു പോയിട്ടും അമ്മയുടെ പെരുമാറ്റത്തിലെ അസാധാരണത്വം കൂടിയതേയുള്ളു.ഒരിക്കല്‍ പാല്‍ തിളച്ചു മറിഞ്ഞ്‌ സ്റ്റൗ കെടുന്നതും നോക്കി അമ്മ വെറുതെ നില്‍ക്കുന്നതു കണ്ട്‌ അച്ഛനാണ്‌ ഗ്യാസ്‌ സിലിണ്ടര്‍ ഓഫ്‌ ചെയ്തത്‌.ദോശ ചുടുമ്പോള്‍ ചട്ടുകവും കയ്യില്‍ പിടിച്ച്‌ അരികില്‍ നിന്നാലും ദോശ കരിഞ്ഞ മണം കേട്ട്‌ ആരെങ്കിലും ചെന്ന് അമ്മയെ തട്ടി വിളിക്കേണ്ടി വന്നിട്ടുണ്ട്‌.
ഈ പോക്ക്‌ ആപത്തിലേയ്ക്കാണെന്ന ചിന്ത ഞങ്ങളെ വല്ലാതെ അലട്ടി.
ഒടുവില്‍ അമ്മയുടെ എതിര്‍പ്പ്‌ ഒട്ടും വകവയ്ക്കാതെ അച്ഛനും ഞാനും കൂടി അമ്മയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തു കൊണ്ടുപോയി.അച്ഛന്‍ പറഞ്ഞ രോഗ വിവരങ്ങള്‍ സശ്രദ്ധം കേട്ട ഡോക്ടര്‍ അമ്മയോടു ചോദിച്ചു.
"എല്‍.പി.സ്കൂള്‍ ടീച്ചറാണ്‌,അല്ലെ?"
'അതെ' യെന്നു സമ്മതിക്കുമ്പോള്‍ അമ്മ മാത്രമല്ല, ഞങ്ങളും അമ്പരന്നു, ഡോക്ടര്‍ എങ്ങനെ അറിഞ്ഞു എന്നോര്‍ത്ത്‌...തന്റെ ബുള്‍ഗയിന്‍ താടി അമര്‍ത്തിത്തടവി ഡോക്ടര്‍ ചിന്തയിലാണ്ടു.
"എന്താ ഡോക്ടര്‍..., എനി സീരിയസ്‌..?"പരിഭ്രമത്തോടെ അച്ഛന്‍ ചോദിച്ചു."അതെ. അല്‍പം സീരിയസാണ്‌.
ഡോക്ടര്‍ സമ്മതിച്ചു.
അച്ഛന്റെ മുഖം വിളറി. അമ്മയും പരവശ്യയാണെന്ന് ഞാനറിഞ്ഞു.ഞങ്ങളുടെ പ്രയാസം കണ്ട്‌ ഡോക്ടര്‍ ശാന്ത സ്വരത്തില്‍ ആശ്വസിപ്പിച്ചു.
"ഇത്‌ ഒരൊറ്റപ്പെട്ട കേസല്ല. ഈ ജൂണ്‍ മാസത്തിനു ശേഷം എന്റെ അരികിലെത്തിയ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രോഗികളും ഇതേ അവസ്ഥയിലുള്ള ടീച്ചര്‍മാരാണ്‌."
"എന്തു രോഗമാണിത്‌ ഡോക്ടര്‍...?"
അച്ഛനും ഞാനും ഒരേ സ്വരത്തില്‍ ചോദിച്ചു.
ഞങ്ങളെ മാറിമാറി നോക്കിയ ശേഷം അദ്ദേഹം സാവധാനം വിശദീകരിച്ചു.
"ഇതാണ്‌ ഡി.പി.ഈ.പി.മാനിയ. രണ്ടു വര്‍ഷത്തെ നിരന്തര പരിശിലനത്തിലൂടെ അധ്യാപന യോഗ്യത നേടി ഇതു വരെ തുടര്‍ന്നുപോന്ന രീതികളെല്ലാം വെറും അഞ്ചു ദിവസത്തെ പരിശീലനം കൊണ്ട്‌ പാടെ മാറ്റി പുതിയ രീതി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായതിന്റെ ആഘാതമാണ്‌ ഇതിനു കാരണം. ഊണിലും ഉറക്കത്തിലുമെല്ലാം അവരില്‍ ഒരു ചിന്തയേയുള്ളു.നാളെ ക്ലാസ്സിലെത്തുമ്പോള്‍ എന്തു ചെയ്യണം...?എങ്ങനെ ചെയ്യണം..?എന്നുള്ള ചിന്ത. ഈ ടെന്‍ഷന്‍ താങ്ങാനാകാതെ ജോലി രാജി വച്ചവര്‍ പോലുമുണ്ട്‌."
പെട്ടെന്നു ഞാന്‍ അമ്മയെ നോക്കി.അര്‍ഹതപ്പെട്ട പതിനഞ്ചു കാഷ്വല്‍ ലീവും അമ്മ രണ്ടുമാസത്തിനുള്ളിലെടുത്തതിന്റെ കാരണം എനിക്ക്‌ വ്യക്തമായി.അച്ഛന്‍ തളര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
"ഒരു പ്രതിവിധിയും....?"
"ങ്‌ഹാ... അതിനുത്തരം തരാന്‍ കഴിയാത്തതിന്റെ ടെന്‍ഷനിലാണ്‌ ഞാനും."ഡോക്ടര്‍ നിസ്സഹായതയോടെ കൈ മലര്‍ത്തി
പിന്നെ പിറുപിറുക്കും മട്ടില്‍ ഞങ്ങളെ അറിയിച്ചു.
"ഒന്നേ ഇപ്പൊള്‍ ചെയ്യാനുള്ളു.ദൈവത്തോടു പ്രാര്‍ത്ഥിക്കുക.ഒക്കെ ശരിയാകും."
അമ്മയേംകൂട്ടി ഡോക്ടറുടെ അടുത്തു നിന്നു മടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ ആ ചികിത്സ തുടങ്ങിയിരുന്നല്ലൊ.എന്തായാലും ഒന്നും ശരിയായില്ലെന്നു പറഞ്ഞുകൂടാ.കാലാകാലങ്ങളില്‍ മാറ്റം തുടരുന്ന വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ അമ്മയും വിജയകരമായി തരണം ചെയ്യുന്നുണ്ട്‌.പക്ഷെ,എനിക്കൊന്നു വ്യക്തമായറിയാം. അന്നത്തെ ആഘാതം അമ്മയ്ക്കു നഷ്ടപ്പെടുത്തിയത്‌ നിസ്സാരമായ ഒന്നല്ല.അധ്യാപനത്തോടുണ്ടായിരുന്ന കറതീര്‍ന്ന ആത്മാര്‍ഥത...
അതിന്നും തിരിച്ചു കിട്ടിയിട്ടില്ല. സത്യം.


എന്റെ അമ്മയെ അറിയേണ്ടേ...http://www.leelamchandran.blogspot.com/

42 comments:

Unknown said...

കലക്കിയെടാ...ശരത്തെ.....

ഷിബി

Kalpak S said...

ശരത്തേ... എന്റെ അമ്മ ആശ്വാസത്തിലാരുന്നു ആ സമയത്ത്. കാരണം അമ്മ റിട്ടയര്‍ ആ‍യി. :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഥയൊ അനുഭവമോ എന്തുതെന്നെ യായാലും ഗംഭീരമായി!

Suresh ♫ സുരേഷ് said...

ഇതൊരു വല്ലാത്ത അനുഭവമാണല്ലോ :( ...നന്നായി പ്രസന്റ് ചെയ്തിരിക്കുന്നു :)

[എന്തായാലും നിന്റെ അമ്മയോടൊന്നു ചോദിക്കട്ടെ ഇതു സത്യമാണൊ എന്ന് ;)]

തോന്ന്യാസി said...

ഇതാണ്‌ ഡി.പി.ഈ.പി.മാനിയ. രണ്ടു വര്‍ഷത്തെ നിരന്തര പരിശിലനത്തിലൂടെ അധ്യാപന യോഗ്യത നേടി ഇതു വരെ തുടര്‍ന്നുപോന്ന രീതികളെല്ലാം വെറും അഞ്ചു ദിവസത്തെ പരിശീലനം കൊണ്ട്‌ പാടെ മാറ്റി പുതിയ രീതി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായതിന്റെ ആഘാതമാണ്‌ ഇതിനു കാരണം.


സത്യമാണ് സുഹൃത്തേ താങ്കള്‍ ഒരു കഥയിലൂടെ പറഞ്ഞിരിക്കുനത്.......

മനോഹരമായിരിക്കുന്നു.......

ഹരിയണ്ണന്‍@Hariyannan said...

ഉഗ്രന്‍ പോസ്റ്റു മോനേ...

എന്റെ അമ്മ റിട്ടയറാകുന്നതിനും അല്പം മുന്‍പ് ഈ സാധനം സ്കൂളിലെത്തി അമ്മയെ പേടിപ്പിച്ചിരുന്നു.അപ്പോള്‍ മാത്രം “ടീച്ചര്‍ പണി” തുടങ്ങിയ എന്റെ ചേച്ചിക്ക് വലിയ പുതുമയൊന്നും തോന്നിയതുമില്ല.

അമ്മക്ക് ധൈര്യവും താങ്ങുമായി നിങ്ങളും ഞങ്ങളും ഉണ്ടല്ലോ....

മാണിക്യം said...

ഡി.പി.ഈ.പി.മാനിയ.!
പറഞ്ഞപ്പൊള്‍ അങ്ങ് തീര്‍ന്നു.
മാനസീക പിരിമുറുക്കം
അതനുഭവിക്കുന്നവ്ര്ക്ക് മാ‍ത്രമേ അറിയൂ ...

അമ്മക്ക് ഒപ്പം അച്ഛനും മക്കളും നീറിയനീറ്റല്‍,
ശരത്ത് വളരെ നന്നായി അവതരിപ്പിച്ചു .

Unknown said...

:) കലക്കി

മഴവില്ലും മയില്‍‌പീലിയും said...

കഥ ഇഷ്ടമായി..[:)]

ശരത്‌ എം ചന്ദ്രന്‍ said...

ഷിബി ചേച്ചി..നന്ദി...
കല്‍പ്പക്.. കല്‍പ്പകിന്റെ അമ്മയുടെ ഭാഗ്യം..നന്ദി കല്‍പ്പക്
സഗീര്‍ നന്ദി...സുരേഷ് ചേട്ടൊ...ചൊദിചൊ ചൊദിചൊ :-)
പ്രശാന്ത് .. നന്ദി....
ഹരിയണ്ണൊ... നന്ദി.... അമ്മയ്ക്കും ചേചിക്കും അപ്പൊള്‍ അറിയാത്തിരികില്ലല്ലൊ!!!! ...
ഡ്രിസില്‍ നന്ദി...
കാണാമറയത്ത്.. നന്ദി...

ശരത്‌ എം ചന്ദ്രന്‍ said...

മാണിക്യം ചേച്ചി.....നന്ദി നന്ദി...

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ശരത്,

അമ്മ അദ്ധ്യാപികയാവുന്ന പൂര്‍ണതയ്ക്കപ്പുറം ലോകത്തില്‍ മറ്റൊന്നുമില്ല! എല്ലാ നന്മകളും ആശംസിക്കട്ടെ, എഴുത്തുകാരി കൂടിയായ ഈ അമ്മയ്ക്കു്‌.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ശരത്,

അമ്മ അദ്ധ്യാപികയാവുന്ന പൂര്‍ണതയ്ക്കപ്പുറം ലോകത്തില്‍ മറ്റൊന്നുമില്ല! എല്ലാ നന്മകളും ആശംസിക്കട്ടെ, എഴുത്തുകാരി കൂടിയായ ഈ അമ്മയ്ക്കു്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്മയെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.

എന്റെ അന്വേഷണം പറണം ട്ടോ

krishnaa said...

വയ്യാ! ശ്രത്, ഇത് വായിക്കാന്‍ വയ്യാ...!
ഏതൊരു മക്കള്‍ക്കും ഇങ്ങിനെ വരരുതേ..!

കാപ്പിലാന്‍ said...

മാനിയ ,നല്ല ഉള്ളം തട്ടുന്ന രീതിയില്‍ എഴുതിയ ശരത്തിന് അഭിനന്ദങ്ങള്‍ .സ്വന്തം അമ്മയുടെ വ്യാകുലത അതെ പടി പകര്‍ത്തിയിരിക്കുന്നു .ഇതുപോലെ എത്രയോ ടീച്ചര്‍മാര്‍ ,അവരുടെ വിഷമങ്ങള്‍ ..കൊള്ളാം ശരത് .അമ്മയോട് എന്‍റെ അന്വഷണങ്ങള്‍ പറയണം .

ഉപാസന || Upasana said...

ശരത്ത്,
വായന തുടങ്ങിയപ്പോ അതിശയിച്ചു, എന്താണ് ശരത്ത് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്.
ക്ലൈമാക്സ് വരെ സസ്പെന്‍സ് ഉണ്ടായിരുന്നു.
നല്ല പ്രസന്റേഷന്‍.

എന്റെ വീട്ടിലോ ബന്ധുക്കളിലോ ആരും അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ഇത് ഇത്ര വലിയ പ്രൊബ്ലം ആണോ എന്നൊന്നും അറിയില്ല. :-)
ആസ്വദിച്ചു വായിച്ചു.

ആശംസകള്‍
:-)
ഉപാസന

ഓ. ടോ: പ്രൊഫൈലിലെ വരികള്‍ റിയലി എക്സലന്റ്. ഗൌരവമായി എഴുതിയിരിക്കുന്നു..!

കനല്‍ said...

ഹ്യദ്യമായ അവതരണം....
ശരതേ....
ഭാവുകങ്ങള്‍...

rumana | റുമാന said...

അസ്സലായിട്ടുണ്ട്ട്ടോ....

ബാജി ഓടംവേലി said...

ശരത്തെ,
കഥ ഇഷ്ടമായി........
കഥയൊ അനുഭവമോ എന്തുതെന്നെ യായാലും ഗംഭീരമായി.............
സത്യമാണ് കഥയിലൂടെ പറഞ്ഞിരിക്കുനത്.......
അമ്മക്ക് ധൈര്യവും താങ്ങുമായി നിങ്ങളും ഞങ്ങളും ഉണ്ടല്ലോ....

Mr. X said...

100% സത്യം.
DPEP എന്നത്, കുട്ടികളെ മന്ദബുദ്ധികള്‍ ആക്കാന്‍ ഉള്ള ഒരു പദ്ധതി തന്നെ ആണ്!
Nice post...

നന്ദ said...

:) കലക്കന്‍!

ശ്രീവല്ലഭന്‍. said...

ശരത്,
നല്ല എഴുത്ത്. മാറ്റങ്ങള്‍ വളരെ പ്രയാസം ഉണ്ടാക്കും..... അതിന് സമയം കൊടുക്കേണ്ടത് അത്യാവശ്യം.......

സജി said...

ഈ ഡി പി ഇ പി എന്താണെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല ശ്രരത്.പക്ഷെ, അതു കൊണ്ടുള്ള കുഴപ്പങ്ങള്‍ മനസ്സിലായി വരുന്നു...
നന്നായിരിക്കുന്നു..
ഇനിയും പ്രതീഷിക്കുന്നു.......

ജന്മസുകൃതം said...

ഡീ.പീ.ഈ.പീ.എന്താണെന്ന് ഇനി അറിയേണ്ടാ സജീ.അതൊരു കുഴപ്പക്കേസായിരുന്നു.ഇപ്പോഴെല്ലാം നോര്‍മ്മലായി.അതിന്റെ ഗുണദോഷങ്ങളേപ്പറ്റി സൗകര്യം പോലെ നമുക്ക്‌ ചര്‍ച്ച ചെയ്യാം.ശരത്തിന്റെ ആ അമ്മ ഞാനാണ്‌ട്ടോ...!

Malayali Peringode said...

അമ്മേ........

ഗീത said...

ശരത്തേ ആ ഡി. പി. ഇ. പി. മാനിയയെ അതിജീവിച്ച അമ്മയെ പരിചയപ്പെടാനിടയായതില്‍ വളരെ സന്തോഷിക്കുന്നു.....

ലീല റ്റീച്ചര്‍, ഒരുപാട് രക്ഷകര്‍ത്താക്കളുടെ മനസ്സിലും ആശങ്കകളുണര്‍ത്തിയിരുന്നു ആ ഡി. പി.ഇ.പി.

Chithra said...

present cheythirikkunnathu valare nannayittund sir.. vayikkunnavarkku koodi aa tension sherikkum feel cheyyunnund..

കയ്യൊപ്പ് said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

ശരത്തേ...
ബ്ലോഗ് മുഴുവന്‍ ഞാന്‍ ഓടിക്കിതച്ചാണിപ്പോള്‍ ഇവിടെ കമന്‍റെ ഇടന്‍ എത്തിയത്. എന്തായാലും ഒന്നുകൂടി മനസ്സിരുത്തി വായിക്കാന്‍ ഞാനീ വഴി വരുന്നുണ്ട്. പക്ഷെ ഈ പോസ്റ്റ് ഞാന്‍ രണ്ട് പ്രാവശ്യം വായിച്ചു. അമ്മയെക്കുറിച്ച് പറയാന്‍ ആയിരം നാക്കുള്ളവര്‍ക്ക് പറയാന്‍ ഇങ്ങനേയും ഒന്ന്, മനസ്സുകൊണ്ട് തന്നെ വായിച്ചു, അവതരണവും ലളിതവും ഹൃദ്യവും...ആശംസകള്‍

ആമി said...

അമ്മയുടെ വ്യാകുലതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു

vazhayil syriac said...

fr.vazhayil said:'very good'

ശ്രീ said...

ഇപ്പോഴാണു വായിച്ചത്.

ആ അവസ്ഥ വിവരിച്ചിരിയ്ക്കുന്നത് മനസ്സിലാകുന്നു, ശരത്.

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു, എഴുത്ത്. അമ്മയെക്കുറിച്ച് പറയുമ്പോള്‍ ശരത്തിനും നൂറുനാവ് :)

എന്റെ ബ്ലോഗില്‍ വന്നതിലും കമന്റ് എഴുതിയതിലും ഒരുപാട് സന്തോഷമുണ്ട്.

ആഗ്നേയ said...

ശരത്
നന്നായി അവതരിപ്പിച്ചിരിക്കുന്നു...
പ്രത്യേകിച്ചും അമ്മയുടെ ആ ഭാവമാറ്റം വീട്ടിലുണ്ടാക്കിയ ടെന്‍ഷന്‍!

ആഗ്നേയ said...

സുനിയുടെ കമന്റ് കണ്ടപ്പോഴാ പ്രൊഫൈല്‍ നോക്കിയത്..ശരിക്കും നന്നായി...

കുഞ്ഞന്‍ said...

ശരത് ഭായി..

അമ്മയുടെ വ്യാകുലതയെക്കാള്‍ എനിക്കു മനസ്സില്‍ത്തട്ടിയത് നിങ്ങളുടെ വ്യാകുലതയാണ്.

ജീവിതത്തെ ടെന്‍ഷനില്ലാതെ കൊണ്ടുപോകാനും മടിയില്ലാതെ മടുപ്പില്ലാതെ ജോലി ചെയ്യാനും അമ്മയുടെ വിശേഷതകള്‍ മൂലം ശരത്തിനും കഴിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട് അതിന് ആ അമ്മക്ക് അഭിനന്ദനങ്ങള്‍

പിന്നെ അമ്മയുടെ കാര്യം പറയുന്നതിലൂടെ പഠനക്രമത്തിന്റെ വ്യത്യാസങ്ങള്‍ മൂലം ഒരു വിഭാഗം ആളുകള്‍ക്കുണ്ടാകുന്ന ആധികള്‍ വളരെ ശക്തമായ എഴുത്തിലൂടെ വരച്ചുകാണിക്കാന്‍ ശരത്തിന് കഴിഞ്ഞിട്ടുണ്ട്.

നിരക്ഷരൻ said...

അമ്മയെ നേരിട്ട് കണ്ടിരുന്നു, പരിചയപ്പെട്ടിരുന്നു ഇക്കഴിഞ്ഞ 7ന് പാലക്കാട് വെച്ച് :)

പൊറാടത്ത് said...

അമ്മയെ നേരിൽ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.

yousufpa said...

എന്തായാലും വിഷയം അവതരിപ്പിച്ച രീതി കൊള്ളാം.

അജു കൊച്ചീക്കാരന്‍ said...
This comment has been removed by the author.
അജു കൊച്ചീക്കാരന്‍ said...

വളരെ നല്ല അവതരണം...അഭിനന്ദനങ്ങള്‍...!